
22/06/2025
മന്ത്രങ്ങളുടെ മാഹാത്മ്യം
മന്ത്രം ദേവതതന്നെ. മന്ത്രവും ഇഷ്ടമൂർത്തിയും ഒന്നുതന്നെ. മന്ത്രംതന്നെയാണ് ദേവത. മന്ത്രം ദേവീ ശക്തിതന്നെയാണ്. ഹൃദയാന്തർലീനമായിക്കിടക്കുന്ന ശക്തിതന്നെ. ശ്രദ്ധാഭക്തികളോടെ നിരന്തരം ഉപാസിക്കുന്ന ഭക്തന്റെ ഹൃദയത്തിൽ അന്തർലീന മായികിടക്കുന്ന ശക്തിയെ വർദ്ധിപ്പിക്കുന്നു മന്ത്രം. മന്ത്രത്തിൽ ലയിച്ചുകിടക്കുന്ന മന്ത്രശക്തി സാധകന് മന്ത്രസിദ്ധിയേയും,ജ്ഞാനത്തേയും,സ്വാതന്ത്ര്യത്തേയും,ശാന്തിയേയും,ചിദാനന്ദാനുഭൂതിയേയും,അമൃതത്വത്തേയും പ്രദാനം ചെയ്യുന്നു.
നിരന്തരജപംകൊണ്ട് സാധകന് ഇഷ്ടദേവതയ്ക്ക് എന്തെല്ലാം ഗുണങ്ങളുണ്ടോ അവയെല്ലാം ക്രമേണ വന്നുചേരുന്നു. ആദിത്യമന്ത്രോപാസനം കൊണ്ട് ദീർഘായുസ്സ്,ആരോഗ്യം,തേജസ്സ്,ഓജസ്സ്,എന്നിവയെല്ലാമുണ്ടാകുന്നു. ത്വക് രോഗങ്ങളെല്ലാം മാറുന്നു. നേത്രരോഗങ്ങൾക്കൊന്നാന്തരം മരുന്നാണ് ആദിത്യമന്ത്രോപാസനം. ശത്രുഭയം തീരെനീങ്ങും. ആദിത്യഹൃദയമന്ത്രം പ്രഭാതത്തിൽ ജപിച്ചാൽ വളരെ നല്ലതാണ്. ശ്രീരാമനുകൂടി ആദിത്യമന്ത്രത്തെ ഉപദേശിച്ചു അഗസ്ത്യമഹർഷി. ആ മന്ത്രപ്രഭാവം കൊണ്ടാണ് രാവണനെ ജയിക്കാൻ സാധിച്ചത്.
മന്ത്രങ്ങൾ ദേവതയുടെ സ്തുതികളും,കൃപാകടാക്ഷത്തിന്നും,കരാവലംബനത്തിനുമുള്ള പ്രാർത്ഥനകളുമാണ്. ദുർമൂർത്തികളെ അകറ്റുന്നതും,നിയന്ത്രിക്കുന്നതും കൂടി മന്ത്രങ്ങളാണ് . താളമേളങ്ങളോടു കൂടിയ സംഗീതസ്വരങ്ങളാൽ ആകാശത്തുണ്ടാകുന്ന സ്പന്ദനങ്ങൾ മൂർത്തികളെ പ്രകാശിപ്പിക്കുന്നു. എന്നാൽ മന്ത്രോച്ചാരണം ഇഷ്ടദേവതയുടെ ദിവ്യമംഗളവിഗ്രഹത്തെ പ്രകാശിപ്പിക്കുന്നു...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻