
26/12/2023
Al-hamdulillahhh…
#ഉമ്മയോളം_ഉമ്മ_മാത്രം🤍❤️
"എന്നെ ഞാനാക്കി നിലനിർത്താൻ ഉമ്മയെന്ന നിങ്ങളത്രമേൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കി തുടങ്ങീട്ട് വർഷങ്ങളായി.
ജനിച്ചതിന് ശേഷം ഉപ്പയില്ലാതെ വളർന്ന മകനെ മൂന്നാമത്തെ വയസ്സിൽ നാട്ടിലുള്ള മൂത്ത സഹോദരിയുടെ അടുക്കലേൽപ്പിച്ച് ആദ്യം വിവാഹ മോചനത്തിന് ശേഷം കുടുംബത്തിലെ കാരണവൻമാരുടെ നിരന്തര നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ മറ്റൊരു വിവാഹം കഴിച്ച് വീണ്ടും മണവാട്ടിയായി മണലാരണ്യത്തിലേക്ക് വിമാനം കയറുമ്പോൾ നിങ്ങളുടെ ഹൃദയം അത്രമേൽ പൊട്ടിതകർന്നിരിക്കുമെന്ന് ഞാനിന്നും വിശ്വസിക്കുന്നു. അന്നീ നാട്ടിലുള്ളവർക്ക് രണ്ടാമതൊരു കല്യാണം കഴിച്ച് അവള് ചെക്കനേയും ഇട്ട് ഗൾഫിലേക്ക് പോയ പെണ്ണായിരുന്നെങ്കിൽ എനിക്കിന്ന് ഒരു ആയുസ്സിന്റെ 90% വും തന്റെ യൗവ്വനവും കൗമാരവും എല്ലാം ഈ കൊടും ചൂടത്ത് കടുത്ത തണുപ്പത്ത് കുടുംബത്തിനായി ത്യാഗം ചെയ്ത മഹാവനിതയാണ്. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് നിങ്ങളായിരുന്നു ഉമ്മ. നല്ല വസ്ത്രങ്ങളും മൂന്ന് നേരത്തെ ഭക്ഷണവും നിങ്ങളിലൂടെയാണ് ഞാനടക്കമുള്ളവർ സസന്തോഷം ഏറ്റുവാങ്ങിയത്.
കുടുബ പേരല്ലാതെ സ്വന്തമായി പറയാൻ തറവാടു വീടു പോലും ഇല്ലാതിരുന്ന കുടുംബാംഗങ്ങൾക്ക് ഓരോ വർഷവും വീട്ടുസാധനങ്ങൾ എടുത്ത് മാറി മാറി താമസിക്കുന്ന മഹാ ദുരന്തത്തിൽ നിന്നും ജീവിതത്തിലാദ്യമായി നാലുചുമരുകൾക്കള്ളിൽ കുടുംബത്തിന് സ്വന്തമായൊരു കൂരയുണ്ടാക്കിയതും നിങ്ങളായിരുന്നു.
നല്ല സമയത്ത് നിങ്ങളെയറിയിക്കാതെ ഒരൊറ്റ ആഘോഷ പരിപാടികളും ഇന്നാട്ടിൽ നടന്നതായി എന്ററിവിലില്ല. ആ സമയങ്ങളിൽ ഒമാനിലെ വീട്ടുവളപ്പിലെ നിങ്ങൾ നട്ടുവളർത്തുന്ന പണം കായ്ക്കുന്ന മരത്തിൽ നിന്നും നിങ്ങൾ സ്വയമേ പറിച്ചെടുക്കുമായിരുന്ന 'റിയാൽ' എന്ന ആ കായ്കൾ പച്ചയായും പഴുത്തതായും ഇന്നാട്ടിലേക്ക് കടൽകടന്നെത്തിയിരുന്നു.
നിങ്ങൾക്ക് വരുവാൻ സാധിക്കുമായിരുന്ന പല സന്ദർഭങ്ങളിലും ആ വിഷമം ഉള്ളിലൊതുക്കി നിങ്ങൾ ആ മരത്തിലെ 'റിയാലിനെ' പകരക്കാരനായി ഇങ്ങോട്ടയച്ചപ്പഴൊന്നും നിങ്ങളില്ലാത്ത വിഷമം കാണിക്കാതെ ഇവിടുള്ളവർ നിങ്ങൾ പറഞ്ഞയച്ച ആ പകരക്കാരനായ 'അതിഥിയെ' സൽക്കരിച്ച് പരിഹരിച്ചു.
നാട്ടിലുള്ള രക്തബന്ധങ്ങളെ അന്നാട്ടിലെത്തിച്ച് നിങ്ങൾ അവിടേയും കരുണകാണിച്ചപ്പോൾ എനിക്ക് തോന്നീട്ടുണ്ട് ആ കാലഘട്ടങ്ങളിലായിരുന്നു നിങ്ങളെകുറിച്ച് കൂടുതൽ പരിഭവങ്ങൾ ഈ നാട്ടിൽ ഞാൻ കേട്ടിരുന്നത്. ആ നാട്ടിൽ അവരുണ്ടാക്കിയ കടങ്ങളെ നിങ്ങൾ വീട്ടിയതാരുമറിഞ്ഞില്ല..ആ നാട്ടിലെ നിയമങ്ങളെ വെല്ലുവിളിച്ച് അവർ ചെയ്തിരുന്ന ഓരോ വൃത്തികേടിനും മധ്യസ്ഥം പറഞ്ഞ് നിയമകുരുക്കിൽ നിന്നും ഓരോ തവണ അവരെ നിങ്ങൾ അത്രമേൽ സുരക്ഷിതരാക്കിയപ്പഴും അതൊന്നും കുടുംബങ്ങളിൽ ഇന്നും പറയാതെ മൂടിവെച്ചപ്പഴും നിങ്ങളായിരുന്നു ആ സമയത്തെ ഈ കുടുംബ നാടകത്തിലെ ക്രൂര കഥാപാത്രം.
തള്ളക്കോഴി സ്വന്തം കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ സംരക്ഷിക്കും പോലെ അന്ന് നിങ്ങളീ കുടുംബത്തെ ചേർത്ത് നിർത്തിയപ്പോൾ നിങ്ങളിലൂടെ ഞാൻ പഠിച്ചത് കുടുംബത്തോടുള്ള സ്നേഹമായിരുന്നു.
പത്ത് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് നിങ്ങൾ നാട്ടിൽ വന്ന സമയത്ത് നമുക്ക് സ്വന്തമായി വീടില്ലാതെ പണയത്തിന് താമസിക്കുന്ന കാലത്ത് തൊട്ടയൽപ്പക്കത്തുള്ള സുബൈതാത്ത തങ്ങൾക്ക് 'കിണാശ്ശേരിയിൽ സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഒരു വീടുണ്ടാക്കാൻ സുബോ നീയൊന്ന് സഹായിക്കണമെന്ന്' പറഞ്ഞ് തീരും മുൻപ് ഇടത്തേ കൈയ്യിലെ കടകവള വലത്തേ കൈകൊണ്ടൂരി കൊടുത്ത ആ കാഴ്ച ഇന്നും മറ്റുള്ളവരുടെ കാര്യങ്ങളിൽ സ്വന്തം കാര്യം നോക്കാതെ സഹായിക്കാനിറങ്ങാൻ എന്നും എന്നെ പ്രേരിപ്പിച്ചിരുന്നു.
വല്ലാതെ ഒറ്റയ്ക്കായി പോകുന്ന മിക്ക സമയങ്ങളിലും ഇടയ്ക്കെപ്പൊഴോ ഉപബോധമനസ്സിൽ കയറി വരുന്ന കൂടെ ചേർത്ത് പിടിക്കാൻ ഉപ്പയില്ലാത്ത 'അപകർഷതാ ബോധം' നിങ്ങളെയോർക്കുന്നതോടു കൂടി പമ്പകടക്കും. കാരണം.,നിങ്ങളെന്ന ഉമ്മയുടെ ത്യാഗത്തിന് വിലയില്ലാതാകും.
പണ്ടു നിങ്ങൾ ചേർത്ത് പിടിച്ചവരിൽ ആരെങ്കിലുമൊക്കെ ഇന്നുകളിൽ വല്ലപ്പോഴും നാട്ടീന്നൊരു ഫോൺകോളായി വരുമെന്ന് നിങ്ങൾ കാത്തിരിക്കാറുണ്ടെന്ന് എനിക്കറിയാം. ചില അസഹനീയമായ അനുഭവങ്ങൾ നിങ്ങളെ വല്ലാതെ തളർത്താറുണ്ടെന്ന് എനിക്കറിയാം.
അതുകൊണ്ട് തന്നെയാണ് എന്നും നമ്മൾ imo യിൽ കണ്ട് സംസാരിക്കാറുള്ളതും.
എങ്കിൽ നിങ്ങൾ കേൾക്കുക..,
ഞാൻ തകർന്ന് തളർന്നിരുനനപ്പോഴെല്ലാം എന്നെ ചേർത്തിയ നിങ്ങളാണെന്റെ ഊർജ്ജം അന്നും ഇന്നും എന്നും.
ഇന്ന് പഴയ ആളുകൾക്കടയിലൂടെ ഞാൻ നടന്ന് പോകുമ്പോൾ..പല കുടുംബങ്ങളിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കുമ്പോൾ വാഹിദ് സലിയെന്ന കളിക്കാരനെ അവർ കാണാറില്ല..പകരം.,അത്രമേൽ അവരെ സഹായിച്ച..ചേർത്ത് നിർത്തിയ സുബൈദയെന്ന ഗൾഫുകാരിയുടെ മകനെ അവർ കണുന്നുണ്ട്. നിങ്ങളെകുറിച്ച് അന്വേഷിക്കുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിക്കാറുണ്ട് അവസാനം 'ഉമ്മയോട് എന്റെ സലാം പറയണേ' എന്ന് പറയുമ്പോൾ പഴയതോർത്തിട്ടാകണം അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കാണാറുണ്ട്..!
ഉമ്മാ..,നിങ്ങളോടൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മസ്കറ്റീലെ നമമുടെ വീട്ടിൽ നല്ലൊരു മകനായിരുന്നോ ഞാനെന്ന് എനിക്കറിയില്ല പക്ഷെ.,നിങ്ങളെന്നുമെന്നും എനിക്ക് മികച്ചതിൽ മികച്ച ഉമ്മ തന്നെയായിരുന്നു.
അതെ.,ഇന്നും കുടുംബങ്ങളിൽ ഞാൻ അനുഭവിക്കുന്ന പരിഗണനയും സ്നേഹവും നിങ്ങൾക്കവകാശപ്പെട്ടതാണ് നിങ്ങളുടെ ഔദാര്യമാണ്…!!”
ഉമ്മ YOU ARE ALWAYS GREAT 🥰 ..!!!
#വാഹിദ്_സാലി WS-28