08/02/2026
ദേവദേവൻ മഹാദേവന്റെ സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായ മാണിക്കോട് ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് ഇന്നലെ ദീപം തെളിഞ്ഞു. വിശ്രുത കവി മധുസൂദനൻ നായർ സാറിനും രാഷ്ട്രപതിയുടെ പുരസ്കാരം രണ്ട് തവണ നേടിയ IPS ഓഫീസർ ശ്രീ ഷാനവാസിനും പുരസ്കാരങ്ങൾ നൽകി. ബഹു: MLA ശ്രീ DK മുരളി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജൻ അദ്യക്ഷത വഹിച്ചു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഗോകുലം ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ കവി രവികുമാർ , എസ്.ഐ. വിഷ്ണു, എന്നിവരെ ആദരിക്കുന്ന കൂട്ടത്തിൽ ജീവകല സെക്രട്ടറി എന്ന നിലയിൽ ഈയുള്ളവനെയും പരിഗണിച്ചിരുന്നു.
2009 മുതൽ വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് കലാ സാംസ്കാരിക പ്രവർത്തനം നടത്തിവരികയാണ് ജീവകല. കേരളത്തിന്റെ തനത് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് വേദിയൊരുക്കുകയും അതിലുപരിയായി ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു കൊണ്ട് നൈരന്തര്യമായി ഇടപെടാനാകുകയും ചെയ്തു എന്നത് ഒരു നിയോഗമായി കരുതുന്നു. ജീവകല എന്ന നാമത്തെ എല്ലായിടങ്ങളിലും ശ്രദ്ധേയമാക്കാൻ ഞങ്ങൾക്കായിട്ടുണ്ട്. ദേശീയത, മാനവികത, മതേതരത്വം എന്നിവയിലൂന്നി ഈ കാലമത്രയും വെഞ്ഞാറമൂടിന്റെ സാംസ്കാരിക ഇടനാഴിയുടെ ഓരം ചേർന്ന് ഞങ്ങൾ നടക്കുകയായിരുന്നു. വീഴ്ചയിൽ കൈപിടിച്ചുയർത്തുകയും കൂടിച്ചേരലുകളിൽ ഒപ്പമുണ്ടാവുകയും ചെയ്ത ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു. മികച്ച യൂത്ത് ക്ലബിനുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടാനായി. കലാ ലോകത്തേയ്ക് അനവധി പ്രതിഭകളെ സമ്മാനിച്ചു. ആണ്ടിനും സംക്രാന്തിക്കുമല്ലാതെ കലണ്ടർ വർഷത്തിൽ ഒട്ടേറെ കാര്യങ്ങളുടെ ചുമതലയേറ്റെടുക്കാനുള്ള ആർജവം ലഭിച്ചത് വെഞ്ഞാറമൂടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ നിന്നാണ്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
മാണിക്കോട് ശിവക്ഷേത്ര ഉപദേശക സമിതിയിൽ ജീവകലയുടെ പേര് ചർച്ച ചെയ്ത് അംഗീകാരം നൽകിയ എല്ലാ ഭാരവാഹികളോടും സ്നേഹാഭിവാദ്യങ്ങൾ.
ഈ പുരസ്കാരം അഭിമാനത്തോടെ സ്വീകരിക്കുന്നു.
ആദരവോടെ
ടീം ജീവകല