
06/04/2025
ഒരു കഥയില്ലായ്മയിൽ നിന്നും കഥ മെനഞ്ഞെടുത്ത ഒരു മനോഹര കാവ്യ നിർമ്മിതി തന്നെയാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ.
എടി സൗമ്യേ നമ്മടെ സണ്ണി പാപ്പൻ പ്ലാവേന്നു വീണു മരിച്ചെടി..നീ ഇങ്ങു പോരെ അല്ലെങ്കിൽ നാട്ടുകാർ എന്ത് പറയും "
സൗമ്യ മരിച്ച വീട്ടിലേക്കു ഓട്ടോയിൽ വന്നിറങ്ങുന്നു.. മമ്മിയെ കെട്ടിപിടിച്ചു നിൽക്കുമ്പോൾ അവളുടെ മുഖത്തേക്ക് ക്യാമറയുടെ ഫ്ലാഷ് മിന്നുന്നു.. ഒരു കണ്ണ് തുറന്നു അവൾ നോക്കുമ്പോൾ ക്യാമറ പതുക്കെ മാറ്റി മഹേഷ് അവളെ ഒന്ന് നോക്കും
(മഹേഷിന്റെ പ്രണയിനി സൗമ്യയെ നമ്മൾ ആദ്യം പരിചയപ്പെടുന്നത് ശവസംസ്കാര ചടങ്ങിൽ ആണ്.. തെളിവെയിലഴകും മഴയുടെ കുളിരും എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ആകുന്നുണ്ട് )
🎶കാണാതെ മേലാകെ ജലകണമെറിയും മഴയുടെ കളിവാക്കിൽ അടിമുടി നനയും ഈ മണ്ണിലാ നീർതുള്ളികൾ ഉതിർനെത്തി അലിഞ്ഞെത്തി പുതുമണമുയരും കരളിൽ ഒരു കുളിരുണരും 🎶
സൗമ്യയുടെ ഓരോ ചലനവും മഹേഷ് അയാളുടെ ക്യാമറ കണ്ണുകളിൽ കൂടി പകർത്തുന്നു..ഇതു കാണുന്ന സോണിയ ഒന്ന് ചിരിച്ച് കൊണ്ട് ബേബിയെ നോക്കുന്നു.. ശവപെട്ടി കല്ലറയിലേക്ക് കൊണ്ട് പോകുവാനായി ഉയർത്തുമ്പോൾ ആ തിരക്കിനിടയിൽ കൂടി മഹേഷും സൗമ്യയും പ്രണയിക്കുക ആണ്.. ഇതെല്ലാം കാണുന്ന പള്ളിയിൽ അച്ഛൻ അവരെ ഒന്ന് നോക്കുന്നു..
മരിച്ച വീട്ടിൽ രാത്രിയിൽ മഹേഷിന് സൗമ്യയോട് സംസാരിക്കാൻ ബേബി നെഞ്ച് വേദന അഭിനയിക്കുമ്പോൾ വീടിനു പിറകിൽ വെച്ച് അവർ തമ്മിൽ കണ്ടു മുട്ടുമ്പോൾ ഒരു കവർ തുറന്നു(കവർ തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ കണ്ടിരിക്കുന്നു പ്രേക്ഷകനും ഒരു കുമ്പളപ്പം കഴിക്കുവാൻ തോന്നും )മഹേഷ് കുമ്പളപ്പം സൗമ്യക്ക് കൊടുക്കുന്നു.. സൗമ്യ അത് കഴിച്ചു കൊണ്ട് നിൽക്കുമ്പോൾ മഹേഷ് കയ്യും കെട്ടി നിന്നു ഒരു ചമ്മിയ ചിരിയൊക്കെ ചിരിച്ച് അവളോട് ചോദിക്കും
"പിന്നെ എന്നാ ഒക്കെ ഉണ്ട് "
ഒരുപാട് മനോഹരമായ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് മഹേഷിന്റെ പ്രതികാരം.
സൗമ്യയുടെ കല്യാണ ദിവസം മഹേഷ് ബൈക്കുമായി പോകുമ്പോൾ നാട്ടുകാരൻ ഒരാൾ ബൈക്കിനു കൈ കാണിച്ചു പള്ളിയിലേക്ക് ഒന്ന് വിടാൻ ആവശ്യപെടുന്നു..പോകുന്ന വഴിയേ മഹേഷ് അയാളോട് ചോദിക്കും
"ആരുടെ കല്യാണം ആണെടാ?
"സൗമ്യയുടെ.. കരിമ്പനായിലെ കുഞ്ഞിമോന്റെ മോളുടെ"
മഹേഷ് അവളെ അവസാനമായി പള്ളിയിൽ പോയി കാണുന്നു ദൂരെ നിന്നു .. മഹേഷും സൗമ്യയും തമ്മിൽ കാണുമ്പോൾ മഹേഷിന്റെ മുഖത്തു ഒരു ചിരി ഉണ്ട്.. അത് വെറും ഒരു ചിരി അല്ല ഉള്ളിലെ സങ്കടം ചിരി ആയി വരുന്നതാണ്.. വീട്ടിൽ എത്തുന്ന മഹേഷ് തന്റെ മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് പൊട്ടിക്കരയുകയാണ്. കരച്ചിൽ നിർത്തി പുറത്തേക്കു ഇറങ്ങാൻ പോകുമ്പോൾ മഴ തകർത്തു പെയ്യുക ആണ്..
ചാച്ചൻ : എവിടേക്കാ?
മഹേഷ് : കടയിലേക്ക്
ചാച്ചൻ : മഴ തോർന്നിട്ടു പോകാം
തകർത്തു പെയ്യുന്ന മഴയല്ല മഹേഷിന്റെ ഉള്ളിൽ പെയ്യുന്ന സങ്കടത്തിന്റെ മഴയാണ് ചാച്ചൻ ഉദ്ദേശിച്ചത്. മഴ കുറയാൻ കാത്തിരിക്കുന്ന മഹേഷിനോട് ചാച്ചൻ ഓർമപ്പെടുത്തുന്നു "കടയല്ല ....സ്റ്റുഡിയോ ...."
മഴ നോക്കി മഹേഷ് ഇരിക്കുമ്പോൾ മനസ്സിലേക്ക് ഒരു മഴ കാലത്തെ സൗമ്യയുടെയും മഹേഷിന്റെയും ഒരു ദിവസം ഓർത്തുപോകുന്നു..കോരിച്ചൊരിയുന്ന മഴയത്തു ചാച്ചനും ആയി മഹേഷ് പള്ളിയുടെ കല്പടവുകൾ ഇറങ്ങുമ്പോൾ സൗമ്യ പള്ളിയിലേക്ക് വരുന്ന ഒരു രംഗം..
അതെ സമയം അതുപോലെ ഒരു മഴയത് തന്റെ എല്ലാം എന്ന് വിശ്വസിച്ചിരുന്ന സൗമ്യ മറ്റൊരാൾക്കൊപ്പം പുതിയ ജീവിതം ആരംഭിക്കുക ആയിരുന്നു
മഴ തോർന്നു വീട്ടിൽ നിന്നു പുറത്തേക്കു ഇറങ്ങുമ്പോൾ ചാച്ചൻ മഹേഷിനോട് ചോദിക്കും
"മഹേഷേ ആ കൊച്ച് നിന്നെ പറ്റിച്ചു കളഞ്ഞല്ലേ "
മഹേഷ് : ശോ.. അത് ഞാനായിട്ട് വേണ്ടാന്ന് വെച്ചതല്ലേ.. ഒരു വിഷമവും ഇല്ല.. (ഇതു പറയുന്നതും മഹേഷിന്റെ കൈ ഉമ്മറത്തെ ഗ്രില്ലിൽ കൊണ്ട് അയാളുടെ റൈൻ കോട്ട് താഴെ പോകുന്നതും ഒരുമിച്ചാണ്..)
മനസ്സു പിടഞ്ഞു ഇരുന്നാൽ പിന്നെ നമ്മുടെ ശരീരം നമ്മുടെ നിയന്ത്രണത്തിൽ വരുക ഇല്ല.. നൂലില്ല പട്ടം പോലെ അത് അങ്ങനെ കാറ്റത്തു പറന്നു നടക്കും.. ലക്ഷ്യം ഇല്ലാതെ
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സിനിമാ അനുഭവം ആണ് ദിലീഷ് പോത്തന്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ ഓരോ പ്രേക്ഷകനും നൽകിയത്.എത്ര മനോഹരം ആയിട്ടാണ് മരണ വീട്ടിലെ പ്രണയ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.. അതിനൊപ്പം കൃത്യമായി പ്ലേസ് ആയി പോകുന്ന പാട്ടും..
"മഹേഷേ ആ കൊച്ച് നിന്നെ പറ്റിച്ചു കളഞ്ഞല്ലേ "
✍️ രാഗീത് ആർ ബാലൻ
Maheshinte Prathikaram ❤️